മഞ്ചാടി
*മഞ്ചാടി*
അമലു എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്. അവൾ എന്റെ മൊബൈൽ ഫോണിൽ നോക്കും, എന്നെ നോക്കും., വീണ്ടും ഫോണിൽ നോക്കും എന്നെ നോക്കി ചിരിക്കും.
"എന്താ പേര്?" ഞാൻ ചോതിച്ചു.
"അമലു" അമ്മയെ നോക്കി ചിരിച്ചിട്ട് നാണം കുണുങ്ങി അമലു എന്നെ നോക്കി.
"അത് എനിക്ക് തരൂ?"
അമലു എന്റെ പോക്കറ്റിലേയ്ക്ക് നോക്കിയാണ് ചോദ്യം...
"എന്താ... മാെബെെലാണാേ?"
ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമലുവിന് നീട്ടി.
"അല്ല... അത്... പോക്കറ്റിൽ ഇട്ടത്.."
അമലു മുഖം പൊക്കി അമ്മയെ നോക്കി. അമ്മ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു. എന്നെയും നോക്കി.
പോക്കറ്റിലെന്താ...! ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ പരതി. ബസ് ടിക്കറ്റ് ഉണ്ട്. ടിക്കറ്റുകൊണ്ട് ബാക്കി തന്ന ചില്ലറ തുട്ടുകൾ പൊതിഞ്ഞ് പോക്കറ്റിൽ ഇട്ടിരിക്കുന്നു.
വേറെന്താ ഉള്ളത്...
അമലു ആകാംഷയാേടെ എന്റെ കൈയിലും പോക്കറ്റിലും നോക്കി...
കിട്ടി... രണ്ട് മഞ്ചാടിക്കുരു...
ഇത് എന്റെ കെെയിൽ ഉണ്ടെന്ന് ഇവളെങ്ങനെ കണ്ടു... വഴിയിൽ മഞ്ചാടി കണ്ടാൽ എടുക്കുന്ന ശീലമുണ്ട്. കളിച്ച് കളിച്ച് ഒടുവിൽ ഓർക്കാതെ പോക്കറ്റിൽ ഇട്ടതാണ്. ഒരു മൂന്നു വയസുകാരിയുടെ കണ്ണ് അതിന് പിന്നാലെ പായുന്നുണ്ടെന്ന് കണ്ടിരുന്നില്ല...
ഞാൻ മഞ്ചാടി കൈയിലെടുത്തു.
അമലുവിന്റെ കണ്ണിലും തിളക്കം...
"തരില്ല ഞാൻ... അമലുകുഞ്ഞല്ലേ... കുഞ്ഞ് കുട്ടികൾ മഞ്ചാടി കൊണ്ട് കളികരുത്..."
കൊടുക്കരുത് വായിൽ ഇടും എന്ന് അമലു കാണാതെ അവളുടെ അമ്മയും എന്നെ നോക്കി കണ്ണുകാട്ടി...
അമലുവിന്റെ കണ്ണിലെ തിളക്കം മങ്ങി... എന്റെ കൈ ശക്തി പിടിച്ച് തുറക്കാൻ നോക്കി. ഞാൻ കൈപ്പിടിയിൽ മഞ്ചാടിയൊതുക്കി വിരളുകൾ ഇറുക്കി അടച്ചു.
പിന്നെ എന്റെ കൈതുറക്കാനായി അമലുവിന്റെ ശ്രമം...
"പ്ലീസ്..." ഇടയ്ക്കിടെ എന്നെ നോക്കി കണ്ണിൽ ദൈന്യത വരുത്തി അവൾ പറഞ്ഞു.
"ചേട്ടന് നഴ്സറിയിൽ പഠിച്ച ഒരു പാടു പാടി കാെടുക്ക്..." അമ്മ പറഞ്ഞപ്പോൾ മഞ്ചാടി എന്ന് പലവട്ടം ആവർത്തിക്കുന്ന ഒരു പാട്ട് അവൾ പാടി. മഞ്ചാടി എന്നല്ലാതെ ഒരു വാക്കും എനിക്ക് മനസിലായില്ലെങ്കിലും പാടിക്കഴിഞ്ഞപ്പോൾ "മിടുക്കി" എന്ന് പറഞ്ഞു ഞാൻ...
"ഇറങ്ങാറായി... ചേട്ടന് ടാറ്റ കൊടുക്ക്..."
അമലുവിനേയും കൊണ്ട് അമ്മ ബസ്സിറങ്ങി... നടന്നു പോകും വഴി അമലു എനിക്കൊരു ഫ്ലൈയിംഗ് കിസ് പറത്തിത്തന്നു...
വീട്ടിലെത്തിയ ശേഷം ഞാൻ ഈ കഥകളാെക്കെ വെറുതേ ഓർത്തു. പോക്കറ്റിൽ മഞ്ചാടിക്കുരു കാണാനില്ല... അവ എവിടെപ്പോയി...?!
*ഹരികൃഷ്ണൻ ജി.ജി.*
😍😍
ReplyDelete